ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുവേണ്ടി സര്‍ക്കാര്‍ വിടുപണിചെയ്യുമ്പോള്‍
ജാതിയും മതവും ഉപജാതിയുംപറഞ്ഞ് അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണദിനങ്ങള്‍ പിന്നിടുമ്പോള്‍ ഈ ഭരണം ആര്‍ക്കുവേണ്ടിയാണെന്ന് നിഷ്പക്ഷമതികളേപ്പോലെ ഞങ്ങളും ചിന്തിച്ചുപോകുന്നു. മന്ത്രിമാരേപ്പോലും ജാതിയും മതവും പറഞ്ഞ് അധികാരമേല്‍പ്പിക്കുമ്പോള്‍ അവരെ സ്പോണ്‍സര്‍ ചെയ്തവരോടല്ലാതെ അവര്‍ക്ക്  മറ്റാരോടാണ് കടപ്പാടുണ്ടാവുക. അധികാരത്തിലേറി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 500ല്‍ അധികം അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയ ഉത്തരവ് ഇത് അടിവരയിടുന്നു. ഇതുവഴി നേട്ടമുണ്ടാവുക കേരളത്തിലെ ക്രിസ്ത്യന്‍ മുസ്ളീം മാനേജ്മെന്റുകള്‍ക്കാണെന്നത് പകല്‍പോലെ സത്യവുമാണ്. അതുകൊണ്ടു തന്നെയാണ് എന്‍.എസ്.എസ്സും,എസ്.എന്‍.ഡി പിയും പോലെയുള്ള സാമുദായിക സംഘടനകള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഭാവിയില്‍ എയ്ഡഡ് മേഖലപോലെതന്നെ അണ്‍എയ്ഡഡ് സ്വാശ്രയവിദ്യാഭ്യാസമേഖല ഇവരുടെ കൈപ്പിടിയില്‍ ഒതുങ്ങുമെന്ന് എന്‍.എസ്.എസ്സും,എസ്.എന്‍.ഡി പിയും ഭയക്കുന്നു. ഇത്തരത്തിലുള്ള ന്യൂനപക്ഷ മാനേജ്മെന്റുകളുടെധാര്‍ഷ്ട്യവുംവിലപേശലും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആയതുകൊണ്ട് ഇവരെ ആര്‍ക്ക് തളയ്ക്കാനാവുമെന്നത് ഉത്തരം കിട്ടാത്ത സമസ്യയായി അവശേഷിക്കുന്നു.ഇവിടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയ്ക്കനുസരിച്ചാണെന്ന സംശയം ഞങ്ങള്‍ക്കുണ്ട്.ഇതിന്റെ പിന്നണിയില്‍ കെ.എം മാണിയേപ്പോലെയുള്ള ചില മതാധിഷ്ഠിത രാഷ്ട്രീയക്കാരുമുണ്ട്.ഈ മാണിയേയാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായിട്ടുള്ള ചര്‍ച്ചയ്ക്ക് വിട്ടതെന്ന് കാണുമ്പോള്‍ ഇതിലെ സര്‍ക്കാരിന്റെ കള്ളക്കളി പകല്‍പോലെ വ്യക്തമാണ്.  ഇവരുടെ അഡ്മിഷന്‍ രീതി സുതാര്യമല്ലാത്തതും ക്രമക്കേടുനിറഞ്ഞതുമാണെന്ന് കോടതിയില്‍ എ.ജി പറഞ്ഞുകഴിഞ്ഞു. യാതൊരു തത്വദീക്ഷയുമില്ലാതെ, സാമൂഹ്യനീതിയെ അട്ടിമറിച്ചുകൊണ്ട് വിദ്യാഭ്യാസ തീവട്ടിക്കൊള്ള നടത്തുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ  ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടിനെ  മത രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ കേരളീയ സമൂഹം ഒന്നടങ്കം എതിര്‍ക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളേപ്പോലും ന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞ് വെല്ലുവിളിക്കുകയും സര്‍ക്കാരിനേക്കാള്‍ വലിയ അധികാരശക്തിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍പോലുള്ള സംവിധാനങ്ങളെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ കേരളീയ സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവിനുള്ള അവസരങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശമില്ല. ഇതിന് എല്ലാ ഒത്താശയും കേരള സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നുവെന്നത് സംശയമില്ലാത്തകാര്യമാണ്. ഈ പ്രശ്നത്തില്‍ വിദ്യാഭ്യാസ മന്ത്രി പാലിക്കുന്ന മൗനം ബോധപൂര്‍വ്വമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ ഗ്രനേഡും തോക്കുകളും ഉപയോഗിച്ച് അടിച്ചമര്‍ത്തി കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ചോരയില്‍മുക്കിക്കൊല്ലാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന്  വ്യക്തമായിക്കഴിഞ്ഞു. സാമൂഹ്യനീതിയെ അട്ടിമറിച്ചുകൊണ്ട് പണമുള്ളവന്‍ പഠിച്ചാല്‍മതിയെന്നു പറയുന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുപോലുള്ള സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സാമുഹ്യ ബോധമുള്ള ,നീതിബോധമുള്ള വിദ്യാര്‍ത്ഥിസമൂഹം പ്രതിഷേധിക്കുമ്പോള്‍ അവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ ഭരണകൂടത്തേയും സമൂഹത്തേയും വെല്ലുവിളിക്കുന്ന  ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെ നിലക്കുനിര്‍ത്താനുള്ള ആര്‍ജ്ജവംമില്ലാത്തത് സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയേയാണ് കാണിക്കുന്നത്. സമൂഹത്തേക്കാള്‍ ഇവര്‍ക്ക് പ്രധാനം സഭയാണെങ്കില്‍മതേനിരപേക്ഷത ഭരണഘ‍‍ടനാസംവിധാനത്തില്‍ പ്രവര്‍ക്കുന്ന ഈ രാജ്യത്തെ ഭരണഘടനയേത്തന്നെ വെല്ലുവിളിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമൂഹത്തോട് പ്രതിബദ്ധതയില്ലാതെ മത സാമുദായിക വര്‍ഗ്ഗീയകക്ഷികളുടെ കോണ്‍ഫഡറേഷന്‍ എന്നുവിളിക്കാവുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇത്തരം വര്‍ഗ്ഗീയ പ്രീണന നയങ്ങളുമായി മുന്നോട്ടുപോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.